
Story: Vrindha Govindh
സിനിമയുമായി യാതൊരു പശ്ചാത്തല ചരിത്രവുമില്ലാത്ത, ക്യാമറയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് സിനിമ ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചെറുപ്പക്കാരൻ. കോഴിക്കോട്ടുകാരൻ സജീഷിനു പറയാനുള്ളത് മോളിവുഡ് മുതൽ ബോളിവുഡ് വരെ എത്തി നിൽക്കുന്ന തന്റെ വിജയകഥകളെ കുറിച്ചാണ്. ക്യാമറ കണ്ണിലൂടെ ലോകം കാണാനുള്ള ഒരു പത്തു വയസ്സുകാരൻ്റെ ജിജ്ഞാസയാണ് സജീഷ് എന്ന സിനിമോട്ടോഗ്രഫറുടടെ ഉദയം.
- സിനിമയും അപൂർവ്വരാഗവും
ആൽബം സീരിയൽ രംഗത്ത് ക്യാമറ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു വരുമ്പോഴാണ് ഫിലിം ക്യാമറ പഠിക്കണമെന്ന ആഗ്രഹം ഉണ്ടാവുന്നതും, അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നതും. ക്യാമറ അസിസ്റ്റന്റ് രഘു ഏട്ടനാണ് എന്നെ, ഞങ്ങൾ സ്നേഹപൂർവം അജയൻ സാർ എന്നു വിളിക്കുന്ന അജയൻ വിൽസൺൻ്റെ അടുത്തെത്തിക്കുന്നത്. എന്റെ ജീവിതത്തിൻ്റെ മുന്നോട്ടുളള യാത്രയിലെ ഏറ്റവും വലിയ പ്രചോദനം രഘു ഏട്ടൻ തന്നെയാണ്. ഊതി കാച്ചി പൊന്നാക്കുക എന്നൊക്കെ പറയുന്ന പോലെ,എൻ്റെ കഴിവുകളിൽ എന്നേക്കാളേറെ വിശ്വസിക്കുകയും, എനിക്ക് ആത്മധൈര്യവും പിന്തുണയും തന്നൊരു വ്യക്തി കൂടിയാണ് അദ്ദേഹം. സത്യം പറഞ്ഞാൽ അതൊരു വഴിതിരിവാകുകയായിരുന്നു. ഞാൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത് പ്രശസ്ത സംവിധായകനായ സിബി മലയിൽ സാറിന്റെ കൂടെയാണ്. എന്റെ ആദ്യത്തെ സിനിമയാണ് അപൂർവ്വരാഗം.
പിന്നീട് ,ഡാം999, ബെസ്റ്റ് ആക്ടർ, സെവൻസ്, മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തു.വിശ്വസിക്കാൻ കഴിയാത്ത വിധം അതൊരു ഭാഗ്യമായി കരുതുന്നു. കൂടാതെ പിഗ്മാൻ, ചട്ടക്കാരി, ലാലേട്ടൻ നായകനായ ഗ്രാൻഡ് മാസ്റ്റർ എന്നീ ചിത്രങ്ങളിൽ വിനോദ് ഇല്ലമ്പള്ളി സാറിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു.
- വീഡിയോഗ്രാഫർ ടു സിനിമോട്ടോഗ്രാഫർ
കല്ല്യാണ വീടുകളിൽ ഫോട്ടോഗ്രഫി ചെയ്യുമ്പോൾ ഏറെ കഷ്ടതകൾ സഹിച്ചിട്ടുണ്ട്. എല്ലാ സിനിമ മോഹികളുടെയും കഥ പോലെ, അവസരങ്ങൾക്കായുളള അന്വേഷണങ്ങളും പ്രാരാബ്ദങ്ങളും ഉണ്ട് എൻ്റെ ഈ യാത്രയിലും. അതിൽ ഏറ്റവും കൂടുതൽ എന്നെ സഹായിച്ചത് കുന്ദമംഗലം എ കെ പി എ (All Kerala Photography Association)യിലെ എന്റെ സഹോദരങ്ങളാണ്.പിന്നീട് വീഡിയോഗ്രഫിയിൽ നിന്ന് തുടങ്ങി ചെറിയ പരസ്യങ്ങളിലേക്കും, അതിൽനിന്നു സിസിമയിലേകും എത്തിനിൽക്കുന്നു.
- ലാലേട്ടനും മമ്മൂക്കയുമായുള്ള ബന്ധം?
2017 ലാണ് എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ആ ഒരനുഭവമുണ്ടാകുന്നത്. രേവതി കലാമന്ദിർ 24 ഹാവേർസ് റഷ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തിയിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിൽ നിന്നും മികച്ച ഛായാഗ്രാഹകനായി എന്നെ തിരഞ്ഞെടുക്കുകയും, ആ അവാർഡ് ശ്രീ മോഹൻലാൽ സാറിൽ നിന്നും എനിക്കു ഏറ്റു വാങ്ങാനും സാധിച്ചു. കൂടാതെ ലാലേട്ടന്റെ ഗ്രാൻഡ് മാസ്റ്റർ സിനിമയിലും,
മമ്മൂക്ക നായകനായ ബെസ്റ്റ് ആക്ടർ സിനിമയിൽ അസിസ്റ്റന്റ് ക്യാമറാമാനായിട്ടു പ്രവർത്തിച്ചു. മലയാളത്തിൻ്റെ മാഹാനടന്മാർ അഭിനയിച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണിപ്പോഴും.
- ക്യാമറയെ ചേർത്തുനിർത്തി ഇഷ്ടപെടുന്ന മറ്റെന്തുണ്ട്?
യാത്രയും കുടുംബവും. യാത്രകൾ ഒത്തിരി ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ. ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രകളും നന്നായി ആസ്വദിക്കാറുണ്ട്. യാത്രകളിൽ എപ്പോഴും ക്യാമറ കരുതാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതെനിക്ക് മറക്കാനാവാത്ത ഒത്തിരി ചിത്രങ്ങളും നൽകിയിട്ടുണ്ട്.
- മോളിവുഡ്, ടോളിവുഡ് പിന്നെ ബോളിവുഡും?
അപൂർവരാഗം, മമ്മൂക്കയുടെ ബെസ്റ്റ് ആക്ടർ, ഡാം999, സെവൻസ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, പിഗ്മാൻ, ഗ്രാൻഡ് മാസ്റ്റർ, ചട്ടക്കാരി തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ക്യാമറാമാനായിട്ടാണ് പ്രവൃത്തിച്ചത്. പിന്നീടങ്ങോട്ട് ഛായാഗ്രഹനിലേക്കുള്ള യാത്രകളുടെ തുടക്കമായിരുന്നു. ഹിന്ദി ഫിലിം ഇൻ്റസ്ട്രിയിൽ, ഓഫീസ്, ജേർണി ഓഫ് കർമ്മ, അധോലോകം, എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. കൂടാതെ തമിഴിൽ ശംഭോ ശിവ ശംഭോ യും മലയാളത്തിൽ ബൈനറി എന്ന ചിത്രത്തിനും ചായാഗ്രഹണം നിർവഹിച്ചു.സിനിമയ്ക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങൾക്കും ഛായാഗ്രഹണം ചെയ്യാൻ അവസരം ലഭിച്ചു. കരിയറിൽ എനിയ്ക്ക് ലഭിച്ച അവസരങ്ങളെല്ലാം മാക്സിമം എഫേർട്ട് എടുത്തു ചെയ്യാൻ ഞാനെപ്പോഴും ശ്രമിക്കാറുണ്ട്.
- പുതിയ പ്രൊജക്ടുകൾ?
ബോളിവുഡിൽ തന്നെയാണ് പുതിയ പ്രൊജക്റ്റ് ഏറ്റെടുത്തിരിക്കുന്നത്.
നസീബാസ് എന്നാണ് ചലച്ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ഛായാഗ്രഹനായിതന്നെയാണ് വരവ്.
- കുടുംബം?
അച്ഛൻ രാജൻ, അമ്മ സരോജിനി. ഐശ്വര്യ എന്നാണ് ഭാര്യയുടെ പേര്. ഐശ്വര്യ ഒരു ആർട്ടിസ്റ്റാണ്, നർത്തകിയാണ്. കൂടാതെ ഷോർട്ട് ഫിലിം ഡയറക്ടറായും പ്രവർത്തിച്ചിക്കുന്നുണ്ട്.
