Site icon CTV Online

മാവൂർ റോ‍ഡിലെ കെഎസ്ആർടിസി ടെർമിനൽ വീണ്ടും നിയമക്കുരുക്കിലേക്ക്

Report: Web Desk

കോഴിക്കോട്: മാവൂർ റോ‍ഡിലെ കെഎസ്ആർടിസി ടെർമിനൽ വീണ്ടും നിയമക്കുരുക്കിലേക്ക്. ടെർമിനൽ കെട്ടിടം വിവിധ ഭാഗങ്ങളായി തിരിച്ച് വാടകയ്ക്കു നൽകാനുള്ള കെട്ടിടത്തിന്റെ നിർമാതാക്കളായ കെടിഡിഎഫ്സിയുടെ നീക്കത്തിനെതിരെ ടെർമിനലിന്റെ വാണിജ്യ സ്ഥലം മുഴുവൻ ടെൻഡർ എടുത്ത അലിഫ് ബിൽഡേഴ്സാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. എന്നാൽ, അലിഫ് ബിൽ‍ഡേഴ്സ് ഒരു വർഷമായിട്ടും പണം അടയ്ക്കാത്തതിനാലാണ് ടെർമിനലിന്റെ വിവിധ ഭാഗങ്ങളായി തിരിച്ച് വാടകയ്ക്ക് നൽകാനുള്ള ശ്രമം തുടങ്ങിയതെന്നാണ് കെടിഡിഎഫ്സി പറയുന്നത്.

വിവിധ ഭാഗങ്ങളായി നൽകുമ്പോൾ നേരത്തേ ലഭിക്കുമെന്നു കരുതിയ വാടകയുടെ ഇരട്ടിയിലേറെ ലഭിക്കുമെന്നതാണ് കെടിഡിഎഫ്സിയെ ഈ നീക്കത്തിനു പ്രേരിപ്പിക്കുന്നത്. മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയ പ്രകാരം കരാർ ഡ്രാഫ്റ്റ് ഭേദഗതി ചെയ്തു തരാതിരുന്നതിനാലാണ് പണം അടയ്ക്കാതിരുന്നതെന്നും ഇതു കിട്ടുന്ന മുറയ്ക്ക് പണം അടയ്ക്കാൻ തയാറാണെന്നുമാണ് അലിഫ് ബിൽഡേഴ്സുമായി ബന്ധപ്പെട്ടവർ പറയുന്നത്. ടെർമിനലിലെ 2 ടവറുകളിലായി 19 നിലയിൽ 3,28,000 ചതുരശ്ര അടിയുടെ വാണിജ്യ സ്ഥലമാണ് 30 വർഷത്തേക്ക് അലിഫ് ബിൽഡേഴ്സ് ടെൻഡറിൽ പിടിച്ചിരുന്നത്. കരാർ പ്രകാരം 17 കോടി രൂപയുടെ തിരിച്ചു നൽകാത്ത നിക്ഷേപവും പ്രതിമാസം 43 ലക്ഷം രൂപ വാടകയുമാണ് നിശ്ചയിച്ചിരുന്നത്.

പ്രതിമാസ വാടക ആനുപാതികമായി വർധിക്കും. വാണിജ്യ സ്ഥലം വിവിധ ഭാഗങ്ങളായി നൽകാൻ നീക്കം നടക്കുന്നതിൽ കോടതിയെ സമീപിക്കുമെന്ന് അലിഫ് ബിൽഡേഴ്സ് പ്രതിനിധി പറഞ്ഞു. 2015ൽ ആണ് മാവൂർ റോഡിൽ കെഎസ്ആർടിസി ടെർമിനൽ ഉദ്ഘാടനം ചെയ്തത്. 65 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിനു 6 വർഷം പിന്നിട്ടിട്ടും വരുമാനം ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കെട്ടിട നിർമാണത്തിനു വായ്പയെടുത്ത തുക പലിശ സഹിതം 100 കോടി പിന്നിട്ടെന്നാണ് അറിയുന്നത്. വാണിജ്യ സ്ഥലത്തിന്റെ വിൽപന ടെൻഡർ 2 തവണ മുടങ്ങി. 2019ൽ മൂന്നാമത്തെ ടെൻ‍ഡറിലാണ് അലിഫ് ബിൽഡേഴ്സിനു കിട്ടുന്നത്.

Exit mobile version