Site icon CTV Online

മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമയാകുമെന്ന് പ്രതീക്ഷ നല്‍കുന്ന ചതുര്‍മുഖം; ട്രെയിലര്‍ പുറത്ത്

Entertainment Desk

മലയാള സിനിമയില്‍ പുത്തന്‍ പരീക്ഷണത്തിന് തുടക്കം കുറിക്കുന്ന ചതുര്‍ മുഖത്തിന്റെ ട്രെയിലര്‍ പുറത്ത്. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ചതുര്‍മുഖം . മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ഇതുവരെ പുറത്തിറക്കിയ ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ചതുര്‍മുഖമെന്ന അണിയറ പ്രവര്‍ത്തകരുടെ അവകാശവാദങ്ങളോട് നീതി പുലര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. പുത്തന്‍ കാലത്തെ സാങ്കേതിക വിദ്യയേയും പുരാതന സങ്കല്‍പങ്ങളെയും കൂട്ടിയിണക്കുന്ന കഥാപരിസരത്തിന്റെ സൂചനകളും ട്രെയിലര്‍ നല്‍കുന്നുണ്ട്.
മൊബൈല്‍ ഫോണിലൂടെയാണ് ചതുര്‍മുഖം ടെക്‌നോ ഹൊറര്‍ എലമെന്റ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. നമുക്ക് ചുറ്റുമുള്ള ഇത്രയധികം സിഗ്നലുകള്‍, റേഡിയേഷന്‍സ്, ദേറീസ് നോ എസ്‌കേപ്പ് ഫ്രം ദെം എന്ന അലന്‍സിയറിന്റെ ഡയലോഗ് ചിത്രം വരച്ചുവെക്കുന്ന കഥാപരിസരത്തിന്റെ സങ്കീര്‍ണതകളിലേക്കുള്ള ഇടനാഴിയാണ്. ബിഗ് സ്‌ക്രീനില്‍ ഭയവും ആകാംഷയും നിറയ്ക്കുന്ന മലയാളത്തിലെ മികച്ച ഒരു ഹൊറര്‍ സിനിമയായിരിക്കും ചതുര്‍മുഖം എന്ന പ്രതീക്ഷയും ട്രെയിലര്‍ നല്‍കുന്നുണ്ട്.ജിസ്‌ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

Exit mobile version