Site icon CTV Online

ലൈഫ് ഭവന പദ്ധതിയിൽ തഴഞ്ഞു ; ദളിത് കുടുംബത്തിന്റെ വീട് മഴയത്ത് മേൽക്കൂരയടക്കം തകർന്നു വീണു ; പട്ടികജാതി/ വർഗ്ഗ സംരക്ഷണ സമിതി ശക്തമായ സമരത്തിലേക്ക് …

NEWSDESK

ലൈഫ് ഭവന പദ്ധതിയിൽ വീട് പുനർ നിർമ്മാണത്തിന് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്ത ദളിത് കുടുംബത്തിന്റെ വീട് മേൽക്കൂരയോടെ തകർന്നു വീണു.

കോഴിക്കോട് ,കുരുവട്ടൂർ പഞ്ചായത്ത് മൂന്നാം വാർഡ് പൂന്താനത്ത് താഴത്ത് ശ്രീധരന്റെ വീടിന്റെ മേൽക്കുരയും മറ്റുമാണ് ഇന്നലെ രാത്രി തകർന്നു വീണത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ശ്രീധരനും മകൾക്കും സാരമായ പരിക്കുകൾ ഉണ്ട്. 16 വർഷം മുമ്പ് 500 ചതുരശ്രീ അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച പണി പൂർത്തീകരിക്കാത്ത വീടിന്റെ നിർമ്മാണത്തിനായി ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള സഹായങ്ങൾക്ക് പല തവണ അപേക്ഷകൾ നൽകിയെങ്കിലും ദളിത് കുടുംബത്തിൽപ്പെട്ട ശ്രീധരന്റെ അപേക്ഷ നിസാര കാരണങ്ങൾ ചൂണ്ടി കാണിച്ചു തള്ളുകയായിരുന്നു. വർഷങ്ങളുടെ കാലപഴക്കത്താൽ ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റ് വർഷാവർഷം മാറ്റിയാണ് കുടുംബം ഇവിടെ താമസിച്ചു പോന്നത്. മകൾ ദിവ്യയുടെ സ്വകാര്യ സ്ഥാപനത്തിലെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചു പോരുന്നത്. അവധി ദിവസങ്ങൾ ചൂണ്ടി കാണിച്ച് സർക്കാർ അധികാരികൾ ആരും തന്നെ സംഭവ സ്ഥലം സന്ദർശിട്ടില്ല. ശ്രീധരനും മകളുമടങ്ങുന്ന കുടുംബം എങ്ങോട്ട് പോകണമെന്നറിയാതെ നിസ്സഹായകരായിരിക്കുയാണ്.

ജില്ലാ കലക്ടറുടെ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് ശ്രീധരനും കുടുംബത്തിനും അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്നും നിസ്സഹായനായ ശ്രീധരന്റെ ഭവന നിർമ്മാണത്തിന് കാര്യക്ഷമമായ ഇടപെടൽ പട്ടികജാതി വികസന വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ ശക്തമായ സമരനടപടികളുമായി മുൻപോട്ട് പോവാനാണ് തീരുമാനമെന്ന് പട്ടികജാതി/ വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ പറഞ്ഞു . ഇതിന്റെ ആദ്യപടിയായി ഈ കാര്യങ്ങൾ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ,അവിടെ നിന്നും അനുകൂല നിലപാടെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി പ്രതിഷേധം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു .ഈ പഞ്ചായത്തിൽ ഇത്തരം പ്രവണത മുൻപും ഉണ്ടെന്നും അർഹരായവർക്ക് വീട് ലഭിക്കാത്ത അവസ്ഥ നിലവിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി . മുൻപ് ദളിതർക്ക് ,പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് വീടിനാവശ്യമായ ഭൂമി വാങ്ങുന്നതിനായി ഫണ്ട് നൽകിയിരുന്നു .എന്നാൽ ലൈഫ് മിഷൻ പദ്ധതി വന്നതോടെ അത് നിർത്തലാകുകയാണ് ഉണ്ടായത് ,എന്നാൽ ഉയർത്തിയ തുകയോടെ ഈ പദ്ധതിയും തിരിച്ചു വരണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു .

2018 ൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിടസുരക്ഷാ പദ്ധതിയായിരുന്നു ലൈഫ് മിഷൻ ,മുഖ്യമന്ത്രി തന്നെയാണ് ഇതിന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് ,ഭൂമിയുള്ള ഭവന രഹിതർ, ഭവനം പൂർത്തിയാക്കാൻ പറ്റാത്തവർ,പുറമ്പോക്ക് ,തീരദേശം ,എന്നിവയിൽ താമസിക്കുന്നവർ വിധവകൾ എന്നിവരെ ലക്‌ഷ്യം വച്ചുള്ള ഈ പദ്ധതിക്ക് കേരളത്തിന്റെ സാമൂഹ്യ അവസ്ഥയിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നു,എന്നാൽ ശിവശങ്കറിൽ തുടങ്ങി വീട് ലഭിക്കാത്തതിന്റെ നിരാശയിൽ യുവാവ് കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിനു തീയിട്ടതിൽ തുടർന്ന് പോന്ന് ,കുരുവട്ടൂർ പഞ്ചായത്തിലെ താഴത്ത് ശ്രീധരന്റെ വീട് തകർന്ന് വീണതിൽ എത്തി നിൽക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത് .ഒരു തുണ്ട് ഭൂമിയില്ലാത്തവർ ഇനിയും പ്രതീക്ഷ കൈവിടുന്നില്ല ലൈഫിൽ .

Exit mobile version