
Web Desk
തിരുവനന്തപുരത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തു. തുടർഭരണം മുന്നിൽകണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും, വികസന പ്രവർത്തനങ്ങളും ജനക്ഷേമനടപടികളുമാണ് എൽഡിഎഫ് സർക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഭാഗമായാണ് പത്രിക. ആദ്യഭാഗത്ത് 50 ഇന പരിപാടിയാണ് പ്രഖ്യാപിച്ചത്. 50 ഇന പരിപാടി നടപ്പിലാക്കുന്നതിനുള്ള 900 നിർദേശങ്ങളാണ് രണ്ടാമത്തെ ഭാഗത്ത്. ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനാണ്. 40 ലക്ഷം തൊഴിൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങളാണ് പത്രികയിലുള്ളത്. കൂടുതൽ നിയമനങ്ങൾ പിഎസ്സിക്ക് വിടും. കാർഷിക മേഖലയിലെ വരുമാനം 50 ശതമാനം ഉയർത്തുന്നതിനുള്ള നിർദേശങ്ങളുമുണ്ട്.
ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും. വീട്ടമ്മമാർക്കു പെൻഷൻ നൽകും,60,000 കോടിയുടെ പശ്ചാത്തല വികസന പരിപാടികൾ നടപ്പിലാക്കും. പ്രവാസി പുനരധിവാസത്തിനു മുൻഗണന നൽകും, വയോജികരുടെ പ്രശ്നങ്ങൾക്കു പ്രധാന പരിഗണന നൽകും. അടുത്ത 5 വർഷം ഒന്നരലക്ഷം വീടുകൾ നിർമിക്കും. ആദിവാസി–പട്ടികജാതി കുടുംബങ്ങൾക്കെല്ലാം വീട്, വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഗ്രിഡ് പദ്ധതി,കാർഷിക മേഖലയിൽ 50% വരുമാന വർധന ഉറപ്പുവരുത്തും, റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും എന്നിവയാണ് പ്രധാനപെട്ട വാഗ്ദാനങ്ങൾ.
