Site icon CTV Online

സിദ്ധന്റെ വാക്ക് കേട്ട് പിഞ്ചു കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച സംഭവം. മാതാവിനെ കോടതി ശിക്ഷിച്ചു.

ഏറെ ചർച്ചയായിരുന്ന മുക്കത്തെ മുലപ്പാൽ വിവാദത്തിലാണ് കുഞ്ഞിൻറെ മാതാവിനെ കോടതി ശിക്ഷിച്ചത്. 2016 നവംബർ  രണ്ടിന് മുക്കത്തെ സഹകരണാശുപത്രിയിൽ ആൺകുഞ്ഞിനു ജന്മം നൽകിയ ഓമശ്ശേരി സ്വദേശി അഫ്സത്ത് കുഞ്ഞിന് മുലപ്പാൽ നൽകാൻ വിസമ്മതിക്കുകയായിരുന്നു.  ഡോക്ടർമാരും നഴ്സുമാരും കർശനമായി ആവശ്യപ്പെട്ടിട്ടും ഒരു ദിവസം മുഴുവൻ മുലപ്പാൽ നൽകാൻ വിസമ്മതിച്ചതോടെ ഭർത്താവിനോട് കാര്യം അന്വേഷിച്ചപ്പോഴാണ് കളൻതോട് സ്വദേശിയായ ഹൈദ്രോസ് കോയ തങ്ങൾ എന്ന സിദ്ധൻ അഞ്ചു ബാങ്ക് സമയം കഴിയും വരെ കുഞ്ഞിന് മുലപ്പാൽ നൽകരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും, അതിനുശേഷമേ മുലപ്പാൽ നല്കാൻ സമ്മതിക്കൂ എന്നും വാശിപിടിച്ചത് കുഞ്ഞിൻറെ ആരോഗ്യനില വഷളാക്കും എന്ന് കണ്ട് ആശുപത്രി അധികൃതർ പൊലീസ് സഹായം തേടുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

മുലപ്പാൽ  നൽകില്ലെന്ന് ഉറച്ചുനിന്ന മാതാവ് അഫ്സത്തിനെ ഒന്നാംപ്രതിയും, ഭർത്താവ് അബൂബക്കർ സിദ്ദീഖ്, സിദ്ധൻ ഹൈദ്രോസ് കോയ തങ്ങൾ എന്നിവരെ യഥാക്രമം രണ്ടും മൂന്നും പ്രതികളായുമാണ്  പോലീസ് കേസെടുത്തിരുന്നത്. ജുവൈനൽ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പ് പ്രകാരം എടുത്ത കേസിലാണ് താമരശ്ശേരി സിജെഎം കോടതി ഇപ്പോൾ ശിക്ഷ വിധിച്ചത്.  മാതാവ് ഹസീനയ്ക്ക് ഒരു ദിവസം തടവ് നൽകാനും 1000 രൂപ പിഴ അടക്കാനുമാണ് കോടതി വിധിച്ചത്.

സിദ്ധനെയും ഭർത്താവിനെയും കോടതി വെറുതെ വിട്ടു. വാദി ഭാഗത്തിനായി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജി ബേബി, പ്രതിഭാഗത്തിനുവേണ്ടി അഡ്വ പി സി നജീബ് എന്നിവർ കോടതിയിൽ ഹാജരായി. ഇവർക്കെതിരെ കേസെടുക്കണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഫോഴ്സും നിർദേശം നൽകിയിരുന്നു. കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറാണ് ബാലാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയിരുന്നത്. സംഭവത്തിൽ ജില്ലാ കലക്ടർ അടക്കം ഇടപെട്ട് അബൂബക്കർ സിദ്ദീഖ്നെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. പിതാവിന്റെ അന്ധ വിശ്വാസത്താൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസവിച്ച കുഞ്ഞിന് വ്യാഴാഴ്ച പന്ത്രണ്ടരയ്ക്ക് ശേഷമാണ് മുലപ്പാൽ നൽകിയത്.

Exit mobile version