കുനിയിൽ വീടിന് തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പിഞ്ചു കുഞ്ഞടങ്ങുന്ന കുടുംബത്തെ വീടിന് പുറത്തെത്തിച്ച് നിമിഷങ്ങൾക്കകം വൻ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു ; ഒഴിവായത് വൻ ദുരന്തം

NEWSDESK

കുനിയിൽ : വീടിന് തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് . കുനിയിൽ അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച പുലർച്ചെ നാലരയോടെയാണ് സംഭവം. അടുക്കളയിൽ നിന്ന് തീയുയരുന്നത് കണ്ട അയൽവാസി നിയാസ് ആണ് വീട്ടുകാരെ വിവരമറിയിക്കുന്നത്.

ഉടൻ മുക്കം ഫയർ ഫോഴ്സിലും വിവരമറിയിച്ചു.നാട്ടുകാരനായ മുക്കം ഫയർ ഓഫീസർ എം. എ. ഗഫൂർ സ്ഥലത്തെത്തി വൃദ്ധ മാതാപിതാക്കളും പിഞ്ചു കുഞ്ഞുമടങ്ങുന്ന കുടുംബത്തെ വീടിന് പുറത്തെത്തിച്ച് അയൽ വീട്ടിലേക്ക് മാറ്റി നിമിഷങ്ങൾക്കകം വൻ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. തുടർന്ന് മുക്കം ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് പൂർണമായും അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് മൂലം വാഷിംഗ്‌ മെഷീന് തീപ്പിടിച്ചതെന്നാണ് നിഗമനം. തുടർന്ന് വാഷിംഗ്‌ മെഷീനു സമീപത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. അടുക്കള പൂർണമായും തകർന്നു. വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ, ഫ്രിഡ്ജ്, മറ്റു ഉപകരണങ്ങൾ എന്നിവക്കും കാര്യമായ കേടു സംഭവിച്ചിട്ടുണ്ട്.

സീനിയർ ഫയർ ഓഫീസർ കെ. നാസർ, സേനാംഗങ്ങളായ കെ. അമീറുദ്ധീൻ, ജി. ആർ. അജേഷ്, വി. സലീം, കെ. എ ഷിംജു. കെ. രജീഷ്, കെ. പി. അജീഷ്,എം. സുജിത്ത്, കെ. ഷനീബ്, സി. എഫ്. ജോഷി, വിജയകുമാർ, മനോജ്‌ കുമാർ എന്നിവരാണ് മുക്കം ഫയർ ഫോഴ്‌സ് സംഘത്തിൽ ഉണ്ടായിരുന്നത്.

error: Content is protected !!