
Web Desk
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണം അനിശ്ചിതമായി നീളുന്നു. സ്വന്തമായി സ്ഥലവും എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയുമുള്ളപ്പോഴാണ് ഈ ദുഃസ്ഥിതി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ എങ്ങനെ വികസന പദ്ധതിയെ തകർക്കും എന്നതിന്റെ ഉദാഹരണമാണു കെഎസ്ആർടിസി തിരുവമ്പാടി ഡിപ്പോ നിർമാണം. 4 വർഷം മുൻപു നിർമാണം ആരംഭിച്ച കെഎസ്ആർടിസി ഡിപ്പോ ഇപ്പോഴും ശിലാഫലകം മാത്രമായി ഗ്രൗണ്ടിൽ കിടക്കുന്നു. നിലവിൽ ഉണ്ടായിരുന്ന പല ദീർഘദൂര ബസുകളും ഇപ്പോൾ ഇല്ലാതായി. ഗാരിജിൽ പേരിനു മാത്രമുള്ള അറ്റകുറ്റപ്പണിയാണ് ഇപ്പോൾ നടക്കുന്നത്. കെഎസ്ആർടിസി ബസിനെ മാത്രം ആശ്രയിക്കുന്ന ആനക്കാംപൊയിൽ, കക്കാടംപൊയിൽ, പൂവാറൻതോട് നിവാസികൾ ഏറെ യാത്രാക്ലേശം അനുഭവിക്കുന്നു. മലയോരത്തെ യാത്രാക്ലേശത്തിനു പരിഹാരമായി 2010ൽ അനുവദിച്ച തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ അഴിക്കുംതോറും മുറുകുന്ന കുരുക്കായി മാറുകയാണ്. പഞ്ചായത്തിലും സംസ്ഥാനത്തും ഭരണങ്ങൾ മാറി വന്നിട്ടും ഡിപ്പോ യാഥാർഥ്യമാക്കാനായില്ല. 2010ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണു തിരുവമ്പാടിയിൽ ജനകീയ കൺവൻഷൻ വിളിച്ചു കെഎസ്ആർടിസി ബസ് ഡിപ്പോ വേണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥ തലത്തിലും ശ്രമം തുടങ്ങി. മലയോര മേഖലയിലെ കെഎസ്ആർടിസി ജീവനക്കാരും ഇതിനായി രംഗത്തിറങ്ങി. ഇതോടെ കെഎസ്ആർടിസി സബ് ഡിപ്പോ അനുവദിച്ചു കിട്ടി. ഉടനെ സ്ഥലം കണ്ടെത്തണമെന്ന നിർദേശത്തെ തുടർന്നു കറ്റ്യാട് ഇതിനുള്ള 1.75 ഏക്കർ കണ്ടെത്തുകയും കരാർ ഉറപ്പിക്കുകയും ചെയ്തു. സ്ഥലം വാങ്ങിയിട്ടും പണി തുടങ്ങിയില്ല. 2010ൽ തിരുവമ്പാടിയിൽ കെഎസ്ആർടിസി ഡിപ്പോ അനുവദിച്ചു ∙ 2015ൽ 1.75 ഏക്കർ പഞ്ചായത്ത് കെട്ടിട നിർമാണത്തിനു വില കൊടുത്ത് വാങ്ങി ∙ സി.മോയിൽകുട്ടി എംഎൽഎയുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപ കെട്ടിട നിർമാണത്തിനു അനുവദിച്ചു.∙ 2016ൽ ജോർജ് എം തോമസ് എംഎൽഎ 3 കോടി രൂപ ആസ്തിവികസന ഫണ്ടിൽ നിന്ന് കെട്ടിട സമുച്ചയ നിർമാണത്തിനു അനുവദിച്ചു. ∙ 2018ൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഓപ്പറേറ്റിങ് സെന്റർ കം ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ∙ 2021 നവംബർ 20ന് പഞ്ചായത്ത് സ്ഥലം കെഎസ്ആർടിസിക്ക് റജിസ്റ്റർ ചെയ്തു നൽകി. ∙ നിലവിൽ 3 സ്ഥലത്ത് ആയി പ്രവർത്തനം – താൽക്കാലിക ഗാരിജ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും ഓഫിസ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലും ഓപ്പറേറ്റിങ് ഓഫിസ് പഞ്ചായത്ത് സാംസ്കാരിക നിലയത്തിലും ∙ 12 വർഷമായി കെഎസ്ആർടിസി ഡിപ്പോ ഫയലിലും നിർദിഷ്ട സ്ഥലം വെറുതെയും കിടക്കുന്നു.
