Site icon CTV Online

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ മരണം: കാർ ഡ്രൈവർ അറസ്റ്റിൽ

Web Desk

കൊട്ടാരക്കര ചേത്തടിയില്‍ രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ തലവൂര്‍ മഞ്ഞക്കാല സ്‌കൂളിന് സമീപം ലക്ഷ്മി നിവാസില്‍ ലാല്‍കുമാറാണ് അറസ്റ്റിലായത്. ലാല്‍കുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. ഇവര്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 12ന് രാത്രിയിലാണ് ചെങ്ങമനാടിനും ചേത്തടിക്കും മധ്യേ അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാര്‍ത്ഥികളുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തിയത്. കുണ്ടറ കേരളപുരം സ്വദേശി ഗോവിന്ദ്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി ചൈതന്യ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ചംഗസംഘം ബൈക്കുകളില്‍ തെന്മലയില്‍ പോയി തിരികെ വരുപ്പോഴായിരുന്നു അപകടം.

Exit mobile version