
Local News
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി കോളനി ഇനി സ്മാർട്ട്. കോളനിയിൽ സൗജന്യ വൈഫൈ പദ്ധതിക്ക് തുടക്കമായി. വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ എല്ലുമായി സഹകരിച്ചാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ, ബി എസ് എൻ എൽ കുന്ദമംഗലം ഡിവിഷൻ എൻജിനീയർ സജി ജോസഫ്, മുക്കം സബ് ഡിവിഷനൽ എൻജിനീയർ പി.എ ആരിഫ് അഹമ്മദ്, മാവൂർ ഡിവിഷൻ എൻജിനീയർ ജ്യോതിഷ്, ലിസ, കെ.പി. സുബ്രമണ്യൻ, ഹരീഷ്,അശോകൻ പന്നിക്കോട് തുടങ്ങിയവർ സംബധിച്ചു.
90 ഓളം വിദ്യാർത്ഥികൾ പഠിതാക്കളായുള്ള ഈ കോളനിയിൽ തീർത്തും സാധാരണക്കാർ മാത്രമാണ് താമസിക്കുന്നത്. മൊബൈൽ നെറ്റ് വർക്കിൻ്റെ ലഭ്യതക്കുറവ് വലിയ പ്രയാസമാണ് ഇവിടെ സൃഷ്ടിച്ചിരുന്നത്. കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്ക് മാസാമാസമുള്ള ഡാറ്റ റീചാർജിംഗും വലിയ പ്രതിസന്ധിയായി. ഇതോടെ വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറി കോളനിയിൽ വൈഫൈ സംവിധാനമൊരുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. കോളനിയിലെ 4 സ്ഥലങ്ങളിൽ മോഡം സ്ഥാപിച്ച് എല്ലാവർക്കും സൗജന്യമായി വൈ ഫൈ ഹോട്ട് സ്പോട്ടുകൾ ലഭ്യമാക്കിയിരിക്കുകയാണിപ്പോൾ.
