
Report: Web Desk
കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ. നടപടി സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിംഗ് പറഞ്ഞു. തിങ്കളാഴ്ച കേന്ദ്രസർക്കാരുമായി ചർച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന ട്രാക്ടർ റാലി കർഷകർ മാറ്റി വച്ചു.
കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിന് നന്ദിയെന്നായിരുന്നു കർഷക സംഘടനകളുടെ ആദ്യ പ്രതികരണം. ബിജെപി ഇതര സംസ്ഥാനങ്ങൾ, നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടെടുക്കുന്നത് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിംഗ് പറഞ്ഞു.
ഡൽഹി ചലോ കർഷകപ്രക്ഷോഭം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. ചർച്ചയും സമരവും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. ഡൽഹിയുടെ അതിർത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങളിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.
