മുക്കത്ത് വൻ കഞ്ചാവ് വേട്ട

മുക്കം: മുക്കത്തു വൻ കഞ്ചാവ് വേട്ട-മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിന്റെ അന്വേഷണത്തിനിടെയാണ്  പൂളപ്പൊയിലിൽ വെച്ച് പുലർച്ചെ ബൈക്കിൽ കടത്തുകയായിരുന്ന  പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയിലായത്. പാലക്കാട് കുഴൽമന്ദം സ്വദേശിയും ഏറെ നാളായി പൂളപ്പൊയിലിൽ വാടകവീട്ടിൽ താമസിക്കുന്നതുമായ ചന്ദ്രശേഖരൻ (31), സഹോദരി സൂര്യപ്രഭ എന്നറിയപ്പെടുന്ന സൂര്യ  (28) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഈ മാസം രണ്ടിന് വയോധിക ആക്രമണത്തിനിരയായ കേസിന്റെ അന്വേഷണത്തിനായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്.ഐ. പി.എസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. സംഭവം നടന്നു കഴിഞ്ഞ പത്തു ദിവസത്തോളമായി പ്രത്യേക അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു പ്രതിയെ പിടികൂടുന്നതിനായി അയൽ ജില്ലകളിലുൾപ്പെടെ ഊർജ്ജിതമായി അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതിയെന്നു പോലീസ് സംശയിക്കുന്ന ആളുമായി ബന്ധമുള്ള ചന്ദ്രശേഖരനെകുറിച്ച് അന്വേഷണ സംഘത്തിനു സൂചന ലഭിക്കുന്നത്. ഇയാളെ കഴിഞ്ഞ ഏതാനും ദിവസമായി നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാൾക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസിനു വിവരം ലഭിക്കുന്നത്. തുടർന്ന് ഇന്നലെ പുലർച്ചെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  അന്വേഷണ സംഘം പൂളപ്പൊയിലിൽ ചന്ദ്രശേഖരൻ വാടകക്കയ്ക്കു താമസിക്കുന്ന വീടിനു സമീപം എത്തിയപ്പോൾ ഇയാളും സഹോദരിയും ബൈക്കിൽ ഒരു ബാഗ്‌ നിറയെ കഞ്ചാവുമായി വരുന്നത് കണ്ട പോലീസ് വാഹനം കുറുകെയിട്ടു പിടികൂടുകയായിരുന്നു. കോഴിക്കോട് ജില്ലയുടെ മലയോരഗ്രാമങ്ങളിലടക്കം പ്രതികൾ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലോക്‌ഡോൺ ആയതോടെ കഞ്ചാവിന് വില കുത്തനെ ഉയർന്നത് വൻതോതിൽ കഞ്ചാവ് എത്തിച്ചു വില്പന നടത്തി അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാൻ പ്രതികൾക്ക് പ്രേരണയാവുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്നും പിടികൂടിയ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭ്യമായിട്ടുണ്ട്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെയടക്കം പോലീസ് നിരീക്ഷിച്ചു വരികയാണ്. 

          താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ്‌.ടി.കെയുടെ മേൽനോട്ടത്തിൽ മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജു, മുക്കം എസ്.ഐ ഷാജിദ്.കെ, ജൂനിയർ എസ്.ഐ അനൂപ്.എ, എ.എസ്.ഐ സലീം മുട്ടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന, ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവ്ബാബു, എസ്.ഐ സുരേഷ്, എ.എസ്.ഐ ഷിബിൽ ജോസഫ് എന്നിവരടങ്ങുന്ന പ്രത്യേഗ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!
%d