
Web Desk
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞ് ഫോട്ടോ ഷൂട്ട് നടത്തി ബി.ജെ.പി എം.പി ആലോക് ശര്‍മ്മ. ഭോപ്പാലിലേക്ക് പോകുകയായിരുന്ന ആറ് മിനി ആംബുലന്‍സുകള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ഫോട്ടോ ഷൂട്ട്.
ആംബുലന്‍സിനു മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്ന ആലോകിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. തുടര്‍ന്ന് ആലോകിനെ രൂക്ഷമായി വിമര്‍ശിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. നാണംകെട്ട പരിപാടിയാണിത് എന്നാണ് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞത്.
‘നേരത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയ ഓക്‌സിജന്‍ സിലിണ്ടറുകളെ ബി.ജെ.പി നേതാക്കള്‍ പൂജയ്ക്കായി വഴിയില്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. ഇപ്പോഴിതാ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ ഷൂട്ട്,’ സലൂജ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി ആലോക് തന്നെ രംഗത്തെത്തിയിരുന്നു. വിവാദമുണ്ടാക്കാനായി രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് ആലോക് പറഞ്ഞത്.
