Site icon CTV Online

പൊതു ഇടങ്ങളിലെഅനധികൃത പരസ്യബോര്‍ഡുകളും ഫ്‌ളക്‌സുകളും ഉടന്‍ നീക്കം ചെയ്യണം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: പൊതുഇടങ്ങളിലും പാതയോരങ്ങളിലും അപകടകരമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യബോര്‍ഡുകളും ഫ്‌ലെക്‌സുകളും നീക്കം ചെയ്യുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയുടെ ഉത്തരവുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

നിശ്ചിത സമയത്തിനകം പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനാണ് തീരുമാനം. അപകടകരമായ വിധത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അതത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കും.

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും തദ്ദേശ തലത്തില്‍ സമിതികള്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ സര്‍വ്വകക്ഷി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. കൂടാതെ, അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ ബോധവത്കരണം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷ്, ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി ബി ബിബിന്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആസിഫ് അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version