
Report: Web Desk
ഭർത്താവിനെ കൊന്നു മൃതദേഹവുമായി കാമുകനൊപ്പം ബൈക്കിൽ പോയ ഭാര്യയും കാമുകനും അറസ്റ്റിൽ. കാസര്‍കോട് കുഞ്ചത്തൂര്‍പദവില്‍ യുവാവിന്റെ കൊലപാതകത്തിൽ പ്രതികൾ നടത്തിയത് കൃത്യമായ ആസൂത്രണമെന്നു പൊലീസ്.ദേശീയപാതയോരത്താണു കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.അപകടമരണമാണെന്ന സൂചന ആദ്യം ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു തെളിയുകയായിരുന്നു. അംഗപരിമിതനാണ് ഹനുമന്ത.
കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭാര്യയുമായി അല്ലാബാഷ സൗഹൃദമുണ്ടാക്കുന്നത് ഹനുമന്ത വിലക്കിയിരുന്നു. ഇതിനെച്ചൊല്ലി ദിവസങ്ങളോളം തര്‍ക്കങ്ങളും പതിവായിരുന്നു.സംഭവത്തിൽ ഹനുമന്തയുടെ ഭാര്യ ഭാഗ്യ,കാമുകനായ കര്‍ണാടക സ്വദേശി അല്ലാബാഷ (23) എന്നിവരെ അറസ്റ് ചെയ്തു.
കഴിഞ്ഞ നവംബർ അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോഴാണ് ഭാര്യയും അല്ലാബാഷയും ചേര്‍ന്ന് ഹനുമന്തയെ കൊലപ്പെടുതുന്നത്. മർദ്ദിച്ച് അവശനാക്കിയതിനുശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മരണ വെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്പോള്‍ ഭാഗ്യ കാലുകള്‍ അമര്‍ത്തിപ്പിടിച്ചതായി പൊലീസ് പറയുന്നു.
മരിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇരുവരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കാമുകന്‍റെ ബൈക്കിനു പിറകില്‍ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍പദവില്‍ എത്തിച്ചു. മൃതദേഹത്തിന്‍റെ കെട്ടഴിഞ്ഞതോടെയാണ് അവിടെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഹനുമന്തയുടെ സ്കൂട്ടര്‍ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. ഇതാണ് വാഹനാപകടമെന്ന നിഗമനത്തിൽ ആദ്യം എത്താൻ കാരണം. കൊലയ്ക്ക് ഒരാഴ്ച മുന്‍പും ഇതുസംബന്ധിച്ച് വാക്കു തര്‍ക്കം ഉണ്ടായിരുന്നു.
