Site icon CTV Online

ജപ്പാൻ മസ്തിഷ്കജ്വരത്തിൽ നിന്നും പിഞ്ചോമനകളെ രക്ഷിക്കാം; ജില്ലയിൽ ജനുവരി മുതൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ്

കോഴിക്കോട്: ജപ്പാൻ മസ്തിഷ്കജ്വരത്തിനെതിരെ ജനുവരി മുതൽ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഡി.എം.ഒ ഡോ. കെ.കെ. രാജാറാം അറിയിച്ചു. ഒരു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് സൗജന്യ പ്രതിരോധ കുത്തിവെപ്പ് നൽകുക. ജനുവരി മുതൽ കുത്തിവെപ്പ് നൽകി തുടങ്ങും.

ജില്ലയിലെ സ്കൂളുകൾ, അംഗൻവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് കുത്തിവെപ്പ് നൽകുക. എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് വാക്‌സിൻ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡി.എം.ഒ അറിയിച്ചു. കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ ഗുരുതര വൈറസ് രോഗമാണ് ജപ്പാൻ മസ്തിഷ്‌ക ജ്വരം. മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന ക്യുലക്‌സ് കൊതുകുകൾ വഴിയാണ് രോഗം മനുഷ്യരിൽ എത്തുന്നത്. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. കടുത്ത പനി, കഠിനമായ തലവേദന, ഛർദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങൾ, അവയവങ്ങൾക്ക് തളർച്ച, അബോധാവസ്ഥ തുടങ്ങിയവായാണ് ലക്ഷണങ്ങൾ.

രോഗം പിടിപെട്ടാൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകുവലകളും ലേപനങ്ങളും ഉപയോഗിക്കുക, വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതെ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ. പരിസര ശുചിത്വം പാലിക്കുകയും കുട്ടികൾക്ക് കൃത്യസമയത്ത് വാക്‌സിനുകൾ നൽകുകയും ചെയ്യണം.

പന്നി, കന്നുകാലികൾ, ചിലയിനം ദേശാടന പക്ഷികൾ എന്നിവയിൽനിന്ന് രോഗാണു കൊതുകുകളിൽ എത്തിയാണ് രോഗമുണ്ടാക്കുന്നത്. രോഗം ബാധിച്ച 100 പേരിൽ 30 പേരെങ്കിലും മരിക്കുന്നു. 30 ശതമാനം പേർക്ക് ജീവിതകാലം മുഴുവൻ വൈകല്യങ്ങളുമായി ജീവിക്കേണ്ടിയും വരുന്നുണ്ട്.

Exit mobile version