
പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹമാണ് മാറിയത്. പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് നൽകിയത് വള്ളിയുടെ മൃതദേഹമായിരുന്നു. സംസ്ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഗുരുതരമായ പിഴവാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. രണ്ട് ദിവസം മുമ്പാണ് കാൽ വഴുതി വെള്ളത്തിൽ വീണ് വള്ളി മരിച്ചത്. ഇവരുടെ മൃതദേഹമാണ് കൊവിഡ് പോസിറ്റീവായി മരിച്ച ജാനകിയമ്മയുടെ കുടുംബത്തിന് മാറി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം അവർ സംസ്ക്കരിച്ചു. ഇന്ന് രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികളുമായി പൊലീസെത്തിയപ്പോഴാണ് മൃതദേഹം മാറിയവിവരം അറിയുന്നത്.
