”സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ല, ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്” : സ്വപ്‌ന സുരേഷ്

സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷ് . “കസ്റ്റംസിനെ വിളിച്ചത് കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ കാര്‍ഗോ വിഭാഗത്തില്‍ താന്‍ ജോലി ചെയ്തിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലാണ് ജോലി ചെയ്തതെതെ”ന്നും സ്വപ്ന. ദൃശ്യമാധ്യമങ്ങൾ പുറത്ത് വിട്ട സ്വപ്ന സുരേഷിന്റേത് എന്ന് കരുതുന്ന ശബ്ദരേഖയിലാണ് വെളിപ്പെടുത്തലുകൾ. “ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്. ആരുമായും തനിക്ക് വഴിവിട്ട ബന്ധമില്ല. വസ്തുതകള്‍ അന്വേഷിച്ച് വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയാറാകണം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയുണ്ടാകും.ഡിപ്ലോമാറ്റിക് കാര്‍ഗോയിലെ എ സിയെ വിളിച്ച് അതൊന്നു ക്ലിയര്‍ ചെയ്യണേ എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. പിന്നീടുണ്ടായ ഒരു കാര്യവുമായും എനിക്ക് ബന്ധമില്ല. ഇത് ജനങ്ങള്‍ അറിയണം. മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരുള്‍പ്പെടെയുള്ളവരെയും മറ്റു രാഷ്ട്രീയ നേതാക്കളെയും മറ്റും ചേര്‍ത്തുവച്ച് പറഞ്ഞ് എന്നെ ഞാനല്ലാതാക്കുകയാണ്. ഞാനും കുടുംബവും ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്.” സ്വപ്ന സുരേഷ് പറയുന്നു.”വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ് എല്ലാവരുടെയും ലക്ഷ്യം. ഇതുകൊണ്ട് ദ്രോഹമുണ്ടാകുന്നത് എനിക്കും എന്റെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും മാത്രമാണ്. മന്ത്രിമാരെയോ സ്പീക്കറെയോ മറ്റാരെയുമോ ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ല. ഞ്ങ്ങള്‍ മരിക്കേണ്ടി വന്നാല്‍ അതിന് നിങ്ങളോരോരുത്തരും കാരണക്കാരാകും. ഇപ്പോള്‍ മാറിനില്‍ക്കുന്നത് ഭയം കൊണ്ടും എനിക്കും കുടുംബത്തിനുമെതിരെ ഭീഷണി നിലനില്‍ക്കുന്നതു കൊണ്ടുമാണ്. അല്ലാതെ ഞാന്‍ കള്ളക്കടത്തു നടത്തിയതു കൊണ്ടല്ല ” സ്വപ്ന കൂട്ടിച്ചേർത്തു.

error: Content is protected !!