Site icon CTV Online

മുക്കം നഗരസഭ കോവിഡ് ആശങ്കയിൽ; കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

Local News

മുക്കം നഗരസഭയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കക്ക് ഇടയാക്കുന്നു .ബുധനാഴ്ച 90 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേർ രോഗമുക്തരായി.നിലവിൽ 547 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. നഗരസഭാ ഓഫിസിലെ ഏതാനും ജീവനക്കാർക്കും, കൗൺസിലർമാർക്കും, കോവിഡ് രോഗം ബാധിച്ചതിനെ തുടർന്ന് നഗരസഭാ ഓഫീസ് അടക്കുകയും ചെയ്തു .അവശ്യ സേവനങ്ങളായ ആരോഗ്യ വിഭാഗവും, ഫ്രണ്ട് ഓഫിസും മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നഗരസഭയിലെ 19 ഡിവിഷനുകൾ നിലവിൽ അടച്ചു പൂട്ടിയിരിക്കുകയാണ്.ഇതിന് പുറമെയാണ് നഗരസഭാ ഓഫീസുകൂടി അടച്ചത്. കണ്ടെയ്മെൻ്റ് മേഖലയിൽ ഉൾപ്പെട്ട 4, 13, ഡിവിഷനുകളിലാണ് രണ്ട് ദിവസങ്ങളായി രോഗവ്യാപനം ഉയർന്ന് നിൽക്കുന്നത് .നാലാം ഡിവിഷനിൽ 17 പേർക്കും, ഡിവിഷൻ 13-ൽ 22 പേർക്കുമാണ് രണ്ട് ദിവസത്തിനകം രോഗം സ്ഥിരികരിച്ചത്.

കഴിഞ്ഞ ദിവസം താമരശ്ശേരി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ മുക്കത്ത് പ്രത്യേക യോഗം ചേർന്ന് നിയന്ത്രണ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. അടച്ചു പൂട്ടിയ നഗരസഭയിലെ ഡിവിഷനുകളിൽ നിന്നും, പൂർണമായി അടച്ചു പൂട്ടിയ സമീപ പഞ്ചായത്തുകളിൽ നിന്നും യഥേഷ്ടം ആളുകൾ മുക്കത്തെത്തുന്നത് രോഗ വ്യാപനത്തിന് വഴിവെക്കുന്നുണ്ട്. പുറത്തിറങ്ങുന്നതിന് നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ളവർ മുക്കത്തെത്തി പൊതു പരിപാടികളിൽ ഉൾപ്പെടെ സംബന്ധിക്കുന്നുണ്ട്. അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

Exit mobile version