Site icon CTV Online

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്;മലയോരമേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി

Report: News Desk

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മലയോരമേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. മാവോവാദി ഭീഷണിയുള്ള പ്രദേശങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും പോലീസ് പരിശോധന നടന്നു. വെള്ളിയാഴ്ച ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ടിവാതുക്കൽ, ചിറ്റാരി, വിലങ്ങാട് മലയോരങ്ങളിൽ ഡിവൈ.എസ്.പി. കെ.കെ. സജീവൻ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മലയോരത്തെ വിവിധ ബൂത്തുകൾ, ആദിവാസി കോളനികൾ, വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരീക്ഷണം നടത്തിയത്.

ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് മലയോര മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയത്. വിലങ്ങാട് മലയോരത്ത് നേരത്തെ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവിടുത്തെ കോളനികളിൽ രൂപേഷ് അടക്കമുള്ള മാവോവാദി നേതക്കാളും സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞദിവസം മേഖലയിലെ മാവോവാദി ഭീഷണിയുള്ള ബൂത്തുകളിൽ റൂറൽ എസ്. പി. ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം ബോംബ് സ്‌ക്വാഡ് വിദഗ്‌ധർ പരിശോധന നടത്തിയിരുന്നു. നാദാപുരം സബ് ഡിവിഷന്‌ കീഴിലെ 28 പോളിങ്‌ ബൂത്തുകളിലാണ് മാവോവാദി ഭീഷണി ഉള്ളത്. വളയം അഡീഷണൽ എസ്.ഐ. അബ്ദുള്ള, വിപിൻദാസ്, വിജേഷ് എന്നിവരും ഡിവൈ.എസ്.പി.യോടൊപ്പമുണ്ടായിരുന്നു.

Exit mobile version