Site icon CTV Online

സഹോദരനെ കൊല്ലും’; വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്

Web Desk

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി.നായരുടെ കൊല്ലം നിലമേലിലെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരൻ വിജിത്തിനെ വധിക്കുമെന്നാണ് ഭീഷണി. കേസിന്റെ ശ്രദ്ധ തിരിച്ചു വിടാൻ ആരെങ്കിലും ചെയ്തതാകാനാണ് സാധ്യതയെങ്കിലും പൊലീസ് അന്വേഷണം തുടങ്ങി. പത്തനംതിട്ടയില്‍നിന്ന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടില്‍ ലഭിച്ചത്. കേസില്‍നിന്ന് പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തിൽ പറയുന്നു. അല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകുമെന്നാണ് ഭീഷണി. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കത്ത് ചടയമംഗലം പൊലീസിന് കൈമാറി. വിവരങ്ങള്‍ ശേഖരിച്ച പൊലീസ് തുടര്‍നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. പൂജപ്പുര ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാര്‍ കത്തെഴുതി അയയ്ക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കിരൺ കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് ശാസ്താംകോട്ട കോടതില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Exit mobile version