
ന്യൂഡൽഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി കൂടുന്നു. 24 മണിക്കൂറിനിടെ 45,720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 12 ലക്ഷം കടന്ന് 12,38,635 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. ആകെ കോവിഡ് മരണങ്ങൾ 29,861 ഉം ആയി.4.26 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 7.82 ലക്ഷം പേർക്ക് രോഗം ഭേദമായി. ഒറ്റദിവസത്തിനിടെ 1129 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. യുഎസിലും ബ്രസീലിലും ഇപ്പോൾ ഇതേ നിരക്കിലാണ് ദിനംപ്രതിയുള്ള കോവിഡ് മരണങ്ങൾ.
മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷമായി. 12,556 പേർ മരിക്കുകയും ചെയ്തു. 1.26 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ മരണം 3719 ആയി. 51,399 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 2224 പേരും മരിച്ചു.1.86 ലക്ഷം പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 3144 പേർ തമിഴ്നാട്ടിൽ മരിച്ചു. ഉത്തർപ്രദേശിൽ 1263 ഉം പശ്ചിമബംഗാളിൽ 1221 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 75,833 കോവിഡ് ബാധിതരുള്ള കർണാടകയിൽ 1519 പേരാണ് മരിച്ചത്.
