കോഴിക്കോട്ടെ എട്ടു പോലീസ് സ്റ്റേഷനുകളെ ലക്ഷ്യമിട്ട് മാവോവാദികള്‍; തിരുവമ്പാടി, കോടഞ്ചേരി, കൂരാച്ചുണ്ട്, താമരശ്ശേരി, വളയം, കുറ്റ്യാടി, തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി ലിസിറ്റിൽ ;ഏറ്റവും ആദ്യത്തെ ആക്രമണം തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷനുകള്‍ക്കുനേരെ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

newsdesk

കോഴിക്കോട്: കോഴിക്കോട്ടെ മലയോരമേഖലകളില്‍ മാവോവാദി ആക്രമണസാധ്യതയെന്ന് രഹസ്യാന്വേഷണറിപ്പോര്‍ട്ട്. വളയം, കുറ്റ്യാടി, തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി ഉള്‍പ്പെടെയുള്ള എട്ടു പോലീസ് സ്റ്റേഷനുകള്‍ക്കുനേരെ ആക്രമണമുണ്ടായേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തി ജില്ലകളില്‍നിന്നും കാട്ടിലൂടെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളത് ഇവിടങ്ങളിലാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് ഈ സ്റ്റേഷനുകള്‍ക്ക് അതിജാഗ്രതാനിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം വയനാട്ടിലെ മാവോവാദിസാന്നിധ്യത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോടും ആക്രമണസാധ്യതയെന്ന് റിപ്പോര്‍ട്ട് വരുന്നത്.

ആക്രമണസാധ്യത മുന്‍നിര്‍ത്തി മൂന്നു മേഖലകളായി തിരിച്ചാണ് ഇവിടങ്ങളിലെ പരിശോധന നടക്കുന്നത്. മാവോവാദികളുടെയും തീവ്ര ഇടതുപക്ഷവിഭാഗങ്ങളുടെയും ഏറ്റവും ആദ്യത്തെ ആക്രമണം തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷനുകള്‍ക്കുനേരെ ഉണ്ടായേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുറ്റ്യാടി, വളയം, കൂരാച്ചുണ്ട് എന്നിവിടങ്ങളാണ് രണ്ടാംസാധ്യതാപട്ടികയിലുള്ള സ്റ്റേഷനുകള്‍. കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി എന്നിവയാണ് മൂന്നാംമേഖലയിലെ സ്റ്റേഷനുകള്‍. എസ്.ഐ. ഉള്‍പ്പെടെ മൊത്തം 240 പോലീസുകാരെയാണ് ഇവിടങ്ങളിലെ പ്രത്യേക പരിശോധനയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയും രാത്രി എട്ടുമുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെയും എന്ന ക്രമത്തിലാണ് സേനയുടെ വിന്യാസം. ആദിവാസി കോളനികളില്‍ പ്രത്യേക നിരീക്ഷണം ആവശ്യമാണെന്ന് ഉത്തരവിലുണ്ട്. മൂന്നു മേഖലകളിലുമായി ആയുധധാരികളായ പത്തുപേര്‍വീതം വലിയ വാഹനങ്ങളില്‍ സ്ഥിരമായി റോന്ത് ചുറ്റണം.

പേരാമ്പ്ര, വടകര, താമരശ്ശേരി ഡിവൈ.എസ്.പി.മാര്‍ക്ക് നേരിട്ടുള്ള മേല്‍നോട്ടച്ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ പരിശോധനാസംവിധാനം തുടരുമെന്നാണ് കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ടിന്റെ ഉത്തരവില്‍ പറയുന്നത്

error: Content is protected !!