
Report: News Desk
അഭയക്കേസിൽ ഒടുവിൽ നീതിപീഠം വിധികൽപ്പിച്ചപ്പോൾ അത് കാണാൻ അഭയയുടെ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. പയസ്ടെൻസ് കോൺവെന്‍റെ കിണറ്റിൽ അഭയയുടെ മൃതദേഹം കണ്ടെത്തിയ അന്ന് മുതൽ തുടങ്ങിയതാണ് നീതി തേടി ഈ മാതാപിതാക്കളുടെ കാത്തിരിപ്പ്.
മകൾക്ക് എന്ത് പറ്റിയെന്ന ചോദ്യം അവകാശമായി കൊണ്ട് നടന്ന ആ മാതാപിതാക്കൾ അതറിയാതെയാണ് ഈ ലോകത്ത് നിന്ന് മടങ്ങിയതും. 2016 ജൂലൈ 24നാണ് തോമസ് മരിക്കുന്നത്. ആ വര്‍ഷം തന്നെ നവംബർ 21ന് ലീലാമ്മയും മരിച്ചു. ബിനയെന്നായിരുന്നു മകളുടെ പേര്. കന്യാസ്ത്രീ മഠത്തിലേക്ക് അയക്കുമ്പോൾ ഇത്രവലിയ ദുരന്തം തോമസും ലീലാമ്മയും പ്രതീക്ഷിച്ച് കാണില്ല. മകൾ മരിച്ചെന്ന വിവരം മാതാപിതാക്കളെ തേടി എത്തുന്നത് 1992 മാര്‍ച്ച് 27ന്. ക്നാനായ കത്തോലിക്കാ സഭയ്‌ക്കു കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയും കോട്ടയം ബിസിഎം കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയുമായിരുന്നു അന്ന് അഭയ.
