
Web Desk
നാമനിര്‍ദേശ പത്രികകള്‍ പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് രാഹുൽ ഗാന്ധി പ്രചാരണത്തിനായി കേരളത്തിലെത്തും. മധ്യമകേരളത്തിൽ രണ്ട് ദിവസത്തെ പര്യടനത്തിനാണ് രാഹുൽ എത്തുന്നത്. എറണാകുളo,കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽ രാഹുൽ പ്രചാരണത്തിനെത്തും.
തിങ്കളാഴ്ച രാവിലെ 11 മണിയ്ക്കാണ് രാഹുൽ ഗാന്ധി കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്നത്. സെൻ്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന രാഹുൽ തുടര്‍ന്ന് കൊച്ചി നഗരത്തോടു ചേര്‍ന്നുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ആലപ്പുഴയ്ക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി അരൂരിലും ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലും യോഗങ്ങളിൽ പങ്കെടുക്കും.
നാളെ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും കോട്ടയം ജില്ലയിലുമാണ് വയനാട് എംപിയുടെ പര്യടനം.
അതേസമയം,നാമനിര്‍ദേശപത്രികകള്‍ പിൻവലിക്കേണ്ട അവസാന ദിവസമായ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തിൽ അന്തിമ രൂപമാകും. ഏലത്തൂരിലും ധര്‍മടത്തുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ കെ സുധാകരൻ രംഗത്തിറങ്ങണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ആദ്യം സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്ന സി രഘുനാഥൻ തന്നെയായിരിക്കും മത്സരിക്കുക എന്ന് ഉറപ്പാകുകയായിരുന്നു. എന്നാൽ ഏലത്തൂരിലെ തര്‍ക്കം തുടരുകയാണ്.
