തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം കോർപറേഷനിൽ ഈ മാസം 28 വരെ ലോക്ക്ഡൌൺ നീട്ടി. ജില്ലയിൽ പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം പരിഹരിക്കാനായി 5000 കിറ്റുകൾ വാങ്ങുന്നതിനുള്ള തുക ശശി തരൂർ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു.നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ഉറവിടമില്ലാത്ത കേസുകൾ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കോർപറേഷൻ പരിധിയിൽ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. മെഡിക്കൽ കോളജിലും ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൌണ്‍ നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാം. മറ്റു സർക്കാർ വകുപ്പുകൾകൊപ്പം ഏജീസ് ഓഫീസിനും പരമാവധി 30% ഹാജരുമായി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ ആണെങ്കിലും തീരദേശ മേഖലയിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് പ്രകാരമുള്ള കർശന നിയന്ത്രണമാകും ഉണ്ടാവുക.
സാമൂഹിക വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെ 24 കേസുകളും പുല്ലുവിളയിൽ 8 കേസുകളും റിപ്പോർട്ട് ചെയ്തു. 25 പേർ രോഗബാധിതരായ പുതിയതുറയും 18 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പുതുകുറിച്ചിയും പുതിയ ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളായി. പുല്ലുവിള ഉൾപ്പെടെ തീരപ്രദേശങ്ങളിൽ പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം കാരണം പരിശോധന കുറച്ചതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവാക്കി 5000 ആന്‍റിജൻ ടെസ്റ്റ് കിറ്റുകൾ സമൂഹ വ്യാപനം നടന്ന മേഖലയിലേക്കായി ശശി തരൂർ എംപി അനുവദിച്ചിട്ടുണ്ട്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ഇദ്ദേഹം വൃക്കരോഗിയായിരുന്നു. പെരുങ്കടവിള പഞ്ചായത്ത് പൂർണമായും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊല്ലയിൽ പഞ്ചായത്തിലെ മേക്കൊല്ല, നെല്ലനാട് പഞ്ചായത്തിലെ വെഞ്ഞാറമൂട് എന്നീ വാർഡുകളും കണ്ടെയിൻമെന്റ് സോണായി.