Site icon CTV Online

മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ വാക്സിൻ നവംബറില്‍

കൊച്ചി∙ മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ കോവിഡ് വാക്സിൻ ഇന്ത്യയില്‍ നവംബറില്‍ വിപണിയിലെത്തും. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്നലെ കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമൻ സി.നമ്പ്യാർ പറഞ്ഞു. പരീക്ഷണം കഴിഞ്ഞ് 42ാം ദിവസം ഫലമറിയാം. ദേശീയ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി ലഭിക്കും . പൊതുവിപണിയിൽ ആയിരം രൂപയിൽ താഴെ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കുന്നത്

ഓക്സ്ഫഡ് വാക്സിൻ രണ്ടുഘട്ടങ്ങൾ വിജയകരമായതിനെത്തുടർന്ന് മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടം ഇന്ത്യയിൽ നടത്താൻ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനോട് അനുമതി തേടി . പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സിറവുമായി ഓക്സ്ഫഡ് സർവകലാശാല ഉൽപ്പാദനക്കരാർ ഒപ്പിട്ടിരുന്നു. രോഗവ്യാപനം അതിരൂക്ഷമായ പുണെ, മുബൈ നഗരങ്ങളിലാകും മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പുരുഷോത്തമൻ നമ്പ്യാർ.പരീക്ഷണം വിജയിച്ചാല്‍ പ്രായമായവർക്കും രോഗസാധ്യതയേറിയവർക്കുമായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുക. പ്രതിമാസം 10 കോടി വരെ വാക്സിൻ ഉൽപാദിപ്പിക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതിയെന്നും പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു.

Exit mobile version