Site icon CTV Online

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് ((KASP) കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സർക്കാർ സംവിധാനത്തിൽ നിന്നും ചികിത്സക്കായി റെഫർ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ.) പുറത്തിറക്കിയ മാർഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ അംഗങ്ങളാക്കി വരുന്നതായും കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ- സ്വകാര്യ ആരോഗ്യ മേഖല ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയെ നേരിടുന്നതാണ്. കോവിഡ് ഉൾപ്പെടെയുള്ള ഏതൊരു ആരോഗ്യ പ്രശ്നങ്ങൾക്കും രോഗിയുടെ ഇഷ്ടപ്രകാരം സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടാവുന്നതാണ്. നേരത്തെ തന്നെ 28 സർക്കാർ ആശുപത്രികൾ കോവിഡ് സ്ഥിരീകരിച്ചവരുടെ ചികിത്സയ്ക്ക് മാത്രം സജ്ജമാക്കിയിരുന്നു – മന്ത്രി പറഞ്ഞു.ഇതുകൂടാതെ എല്ലാ സർക്കാർ- സ്വകാര്യ ആശുപത്രികളിലും ട്രയാജ് സംവിധാനവും ആവശ്യാനുസരണം അർഹരായവർക്ക് സ്രവം ശേഖരിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുള്ളതായും സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാൻ ആരംഭിച്ചിട്ടുള്ളതായും ഇതിനായി സ്വകാര്യ മേഖലയിലെ പരിശോധനാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കായുള്ള പരിശീലനങ്ങളും സർക്കാർ- സ്വകാര്യ മേഖലയിൽ എല്ലാ ജില്ലകളിലും പൂർത്തിയായതായും ചികിത്സാ പ്രോട്ടോകോൾ ഉൾപ്പെടെയുള്ള മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.താഴെ പറയുന്ന സർക്കാർ നിരക്കിൽ വിവിധ കോവിഡ് പരിശോധനകൾ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ/ സ്വകാര്യ ലാബുകളിൽ ചെയ്യാവുന്നതാണ്.ജനറൽ വാർഡ് – 2300 രൂപ, എച്ച്.ഡി.യു. – 3300 രൂപ, ഐ.സി.യു. – 6500 രൂപ, ഐ.സി.യു. വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ – 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ. ഇതിന് പുറമേ പി.പി.ഇ. കിറ്റിനുള്ള ചാർജും ഈടാക്കാവുന്നതാണ്.

ആർ.ടി.പി.സി.ആർ. ഓപ്പൺ – 2750 രൂപ, ആന്റിജൻ ടെസ്റ്റ് – 625 രൂപ, എക്സ്പേർട്ട് നാറ്റ് – 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1) – 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) – 1500 രൂപ.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സാ ചെലവ് പൂർണമായും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും പദ്ധതിയിൽ ഉൾപ്പെടാത്ത സർക്കാർ സംവിധാനം റഫർ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് കേരള സർക്കാരും വഹിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

Exit mobile version