സംസ്ഥാനം കോവിഡ് സമൂഹ വ്യാപന ഭീതിയിൽ നിൽക്കുമ്പോഴും,ആരോഗ്യ വകുപ്പിന്റെയും,സർക്കാരിന്റെയും നിർദേശങ്ങളെ തീർത്തും അവഗണിച്ചുകൊണ്ടാണ് എ.ടി.എമ്മുകളുടെ പ്രവർത്തനം.കോവിഡ് സംസ്ഥാനത്തു ഭീതി പടർത്തി തുടങ്ങിയ ആദ്യ നാളുകളിലെ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം എല്ലാവരും മറന്ന മട്ടാണ്.ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളിൽ തുടക്കത്തിൽ കണ്ടിരുന്ന സാനിറ്റൈസറോ ,ജാഗ്രത നിർദ്ദേശങ്ങളോ ഇപ്പോൾ ഒരു എ.ടി.എം. കൗണ്ടറുകളിലും കണി കാണാൻ പോലുമില്ല .വിവിധ പ്രദേശങ്ങളിലുള്ള പരസ്പരം അറിയുക പോലുമില്ലാത്ത നിരവധി ആളുകളാണ് ഓരോ ദിവസവും ഓരോ എ.ടി.എം. കൗണ്ടറുകളിലും കയറിയിറങ്ങുന്നത്. കൊറോണ വൈറസ് എ.ടി.എം. വഹിക്കുന്ന ഒരാൾ കൗണ്ടറിലെത്തിയാൽ ,പിന്നീട കൗണ്ടറിലെത്തുന്ന ആളിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് എ.ടി.എം.കൗണ്ടറിലെത്തുന്നയാൾ സാനിറ്റൈസർ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നത്.എന്നാൽ ബാങ്ക് അധികൃതരും ,ജനങ്ങളും ഈ കാര്യത്തിൽ ജാഗ്രത കാണിക്കുന്നില്ല എന്നതാണ് സത്യം.എ.ടി.എം.കൗണ്ടറുകളിലെ ഇടുങ്ങിയ സ്ഥലത്തു നിന്ന് വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നു മാത്രമല്ല,മെഷിനിൻ്റെ കീപാഡിൽ വൈറസ് വളരെയധികം സമയം നിലനിൽക്കും എന്നതും രോഗ വ്യാപനത്തിനുള്ള സാധ്യത ഏറ്റുകയാണ്. സംസ്ഥാനത്തു കൊല്ലം ജില്ലയിൽ ഉറവിടമാറിയാത്ത കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് എ.ടി.എം. കൗണ്ടറുകളിൽ നിന്ന് രോഗം പടരുന്നത് കണ്ടെത്തിയത്.കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ആരോഗ്യ പ്രവർത്തകക്ക് ഉൾപ്പടെ രോഗം പകർന്നത് എ.ടി.എം.കൗണ്ടറിൽ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അധികൃതരും, പൊതു സമൂഹവും ആരോഗ്യ പ്രവർത്തകരും ഒരുപോലെ ജാഗരൂകരായാൽ മാത്രമേ ഇതിനു പ്രതിവിധി കണ്ടെത്താൻ കഴിയൂ.