
കോഴിക്കോട് : ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച മഹിളാമാൾ കോർപ്പറേഷനും കയ്യൊഴിഞ്ഞു. അമിതമായ വാടക ഈടാക്കുന്നതിനെതിരെ തുടക്കത്തിലെ കുടുംബശ്രീക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇനി സഹായിക്കാനാകില്ലെന്നും കോഴിക്കോട് കോർപറേഷൻ മേയർ വ്യക്തമാക്കി. സ്ത്രീകളുടെ ഉന്നമനത്തിനായി വഴിയൊരുക്കുക മാത്രമായിരുന്നു ചുമതലയെന്നും പാളി പോയ ബിസിനസില്‍ പങ്കാളിത്തമില്ല എന്നുമാണ് ഇപ്പോൾ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിലപാട്. കോഴിക്കോട്ടെ മഹിളാമാള്‍ അടച്ചുപൂട്ടാന്‍ കുടുംബശ്രീ യൂണിറ്റ് തീരുമാനമെടുത്തതോടെ ഒട്ടുമിക്ക വനിതാ സംരഭകര്‍ക്കും ഉണ്ടായത് ലക്ഷങ്ങളുടെ ബാധ്യതയാണ്. നിലവിലുണ്ടായിരുന്ന കടകള്‍ അടച്ചുപൂട്ടിയും മറ്റ് ജോലികള്‍ ഉപേക്ഷിച്ചും കുടുംബശ്രീ മഹിളാ മാളില്‍ കട തുടങ്ങിയവരില്‍ പലരും ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കടമുറിയില്‍ ചെലവാക്കിയ ലക്ഷക്കണക്കിന് രൂപയുടെ ഇന്‍റീരിയലും കെട്ടിക്കിടക്കുന്ന സാധനങ്ങളും എല്ലാം നഷ്ടമായി.
കഴിഞ്ഞ ആഴ്ചയാണ് നടത്തിപ്പുകാരായ കുടുംബശ്രീ യൂണിറ്റ് ഗ്രൂപ്പ് സംരഭകരോട് മാൾ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും മാള്‍ ഒഴിഞ്ഞ് പോകണമെന്നും കാണിച്ച് നോട്ടീസയച്ചത്. 2018 നവംബര്‍ 24 ന് ആയിരുന്നു പ്രൗഢഗംഭീരമായ ചടങ്ങില്‍ മഹിളാമാള്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ തന്നെ വനിതകളുടെ ആദ്യ മാള്‍ എന്ന നിലയില്‍ മഹിളാമാള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആകെയുണ്ടായിരുന്ന 79 കച്ചവടക്കാരായ സ്ത്രീകളില്‍ ബഹുഭൂരിപക്ഷം പേരും ഇന്ന് കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. താഴെതട്ട് മുതല്‍ മുകളിലേക്ക് പരാതികള്‍ അയച്ചിട്ടും ഫലമുണ്ടായില്ല എന്ന് സംരംഭകർ പറയുന്നു.