
വീട്ടിൽ കൊറോണവൈറസ് വാക്സിൻ എങ്ങനെ ഉണ്ടാക്കാം? വീട്ടിൽ കൊറോണവൈറസ് മരുന്ന് എങ്ങനെ ഉണ്ടാക്കാം? ജൂലൈ ഒന്നു മുതൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്ന കാര്യമാണിത്. കൊറോണവൈറസ് വാക്സിൻ കണ്ടെത്താൻ ലോകത്തെ വൻകിട കമ്പനികളും ഗവേഷകരും രാപകലില്ലാതെ ജോലി ചെയ്യുന്ന സമയത്താണ് ഒരു സംഘം വാക്സിൻ എങ്ങനെ നിർമിക്കാമെന്ന് ഗൂഗിളിൽ തിരയുന്നത്. വീട്ടിൽ വാക്സിൻ നിർമിക്കാൻ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ ബംഗ്ലാദേശുകാർ ഒന്നാമതും രണ്ടാമതായി ഇന്ത്യയും മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനും തൊട്ടുപിറകെ നൈജീരിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് . ഹൗ ടു മെയ്ക് കൊറോണ വാക്സിൻ എന്ന് സേർച്ച് ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട് . ജൂലൈ ആറിനും ഏഴിനുമാണ് വാക്സിൻ നിർമാണ സേർച്ചുകൾ കാര്യമായി നടന്നിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സേർച്ചിങ് എന്ന് വ്യക്തമല്ല.
എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ ആദ്യം ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണം കൂടി വരികയാണ്. ഉള്ള രോഗം കൂടി കൂട്ടാനേ ഇത്തരം തിരച്ചിലുകള്‍ കാരണമാകൂ എന്നാണ് പുതിയ സര്‍വേ ഫലം പറയുന്നത്. കാരണം 60 ശതമാനത്തില്‍ കൂടുതല്‍ തവണയും ഗൂഗിള്‍ ഉള്ളതിനേക്കാള്‍ ഗുരുതരമായ അസുഖങ്ങളുടെ ലിങ്കുകളാണ് കാണിച്ചു തരികയെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ തന്നെ സമ്മതിച്ചിരിക്കുന്നത്. ഡോ. ഗൂഗിളിന്റെ സേവനം തേടുന്ന അഞ്ചില്‍ രണ്ട് അമേരിക്കക്കാരും തങ്ങള്‍ക്ക് എന്തോ ഗുരുതരമായ അസുഖമാണെന്ന കണ്ടെത്തലിലാണ് എത്തിച്ചേരാറെന്നും പഠനം പറയുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് നടന്ന സർവെയിൽ 2,000 അമേരിക്കക്കാരാണ് പങ്കെടുത്തത്. ഇതില്‍ 43 ശതമാനം പേരും തങ്ങള്‍ അസുഖങ്ങള്‍ വരുമ്പോള്‍ ഗൂഗിളില്‍ തിരയാറുണ്ടെന്നും ഈ തിരച്ചില്‍ തങ്ങളെ കൂടുതല്‍ ഗുരുതര അസുഖമാണെന്ന തിരച്ചില്‍ ഫലത്തിലേക്കാണ് എത്തിക്കാറെന്നും സമ്മതിക്കുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനം പേരും അസുഖം വരുമ്പോള്‍ ഗൂഗിളില്‍ തിരഞ്ഞുപോകാറുണ്ടെന്ന് സമ്മതിച്ചു. ഗൂഗിളില്‍ സ്വന്തം അസുഖം തിരഞ്ഞ് പോകുന്നവരില്‍ 40 ശതമാനത്തിന് മാത്രമേ തങ്ങളുടെ യഥാര്‍ഥ അസുഖം തന്നെ കണ്ടെത്താനായിട്ടുള്ളൂ. അസുഖം വരുമ്പോള്‍ നേരെ ഡോക്ടറുടെ അടുത്തേക്ക് പോകുമെന്ന് സമ്മതിച്ചത് 51 ശതമാനം പേരാണ്. ബാക്കി 49 ശതമാനത്തിന്റേയും ആദ്യ ഡോക്ടര്‍ ഗൂഗിള്‍ തന്നെ! ഡോക്ടറുടെ അടുത്ത് പോകാനുള്ള ചെലവ് (47%), പറയുന്ന ലക്ഷണങ്ങള്‍ ഡോക്ടര്‍ മുഖവിലക്കെടുക്കാത്തത് (37%), ഡോക്ടറെ കാണാന്‍ സമയമില്ലാത്തത് (37%) തുടങ്ങി വിവിധ കാരണങ്ങളാണ് രോഗത്തെക്കുറിച്ച് ഗൂഗിളില്‍ തിരയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.ഈ കണക്കുകള്‍ തന്നെ ഡോ. ഗൂഗിള്‍ എത്രത്തോളം നമ്മെ പേടിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നാണ്പറയുന്നത് . ഇല്ലാത്ത രോഗത്തെക്കുറിച്ച് വേവലാതിയോടെയാണ് നമ്മളില്‍ ഭൂരിഭാഗവും കഴിയുന്നതെന്നാണ് ഈ സര്‍വേഫലം തെളിയിക്കുന്നത്.