
Report: Web Desk
മാസ്റ്റർ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. നാന്നൂറോളം വ്യാജ സൈറ്റുകൾ നിരോധിച്ചു. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വൊഡഫോൺ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാർക്കായി നടത്തിയ ഷോയിൽ നിന്ന് രംഗങ്ങൾ ചോർന്നതായാണ് സംശയം. സംഭവത്തിൽ അടിയന്തിര ഇടപെടൽ തേടി സമീപിച്ച നിർമ്മാണ കമ്പനിയ്ക്ക് അനുകൂലമായാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയതും.സിനിമ നാളെ റിലീസ് ചെയ്യാനിരിക്കേയാണ് സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു.
